സാന്ത്വനം സീരിയലിലെ പിള്ളച്ചേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; സഹായം അഭ്യര്‍ഥിച്ച് നടന്‍ സജിന്‍

 


 സീരിയല്‍ നടന്‍ കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സഹായം അഭ്യര്‍ഥിച്ച് നടന്‍ സജിന്‍. സാന്ത്വനം പരമ്പരയിലെ പിളളച്ചേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് കൈലാസ് നാഥ്. പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ സജിനാണ് കൈലാസ് നാഥിന്റെ ഇപ്പോഴത്തെ അവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

അദ്ദേഹത്തിന് നോണ്‍ ആല്‍കഹോളിക്ക് ലിവര്‍ സിറോസിസാണെന്നും ലിവര്‍ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും സജിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എറണാകുളം റിനൈ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ശസ്ത്രക്രിയയ്ക്ക് വലിയ തുക വേണം. ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് അദ്ദേഹത്തിന്റെ കുടുംബമെന്നും സജിന്‍ പറയുന്നുണ്ട്.



സുമനസുകള്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും സജിന്‍ നടത്തിയിട്ടുണ്ട്. ബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ടയാളാണ് അദ്ദേഹമെന്നും പുകവലിയോ മദ്യപാനമോ മറ്റു ദുശീലങ്ങള്‍ ഒന്നും തന്നെയും അദ്ദേഹത്തിനില്ലായെന്നും സജിന്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഒരുപാട് പരമ്പരകളില്‍ കൈലാസ് നാഥ് അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടിയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സാന്ത്വനത്തിലെ പിളളച്ചേട്ടനായും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.


Comments